തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയ നടപടിക്കെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. വെള്ളക്കരം വർധിപ്പിച്ച് ഉത്തരവ് ഇറക്കിയത് സഭയോടുള്ള അനാദരവ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നികുതി ഭാരത്തിൽ ജനം വേദനിച്ചിരിക്കുമ്പോഴാണ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടി ഉത്തരവ് പുറത്തിറക്കിയത്. വല്ലാത്ത ധൈര്യമാണിത്. കുടിശ്ശിക പിരിവിൽ അതോറിറ്റി പരാജയപ്പെട്ടതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇടുകയാണ്. വാട്ടർ അതോറിറ്റി യാതൊരു പ്രൊഫഷണലിസവും ഇല്ലാത്ത സ്ഥാപനമാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെയും വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. തങ്ങൾക്ക് പരിചയമുള്ള റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറയുമായിരുന്നില്ല. അപ്പുറത്ത് എത്തിയപ്പോൾ അല്ലെങ്കിൽ മന്ത്രി ആയപ്പോൾ ഉള്ള മാറ്റമാകാം ഇപ്പോൾ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

