തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരുമായി സംസാരിച്ച വീണാ ജോര്‍ജ് മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ചികിത്സ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം നല്കി. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഇന്നലത്തേക്കാള്‍ ഭേദമുണ്ടെന്നും ഉമ്മന്‍ ചാണ്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്ബി അറിയിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
അതേസമയം, ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുകയാണെന്നും വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നുമാവശ്യപ്പെട്ട് സഹോദരന് ഉള്‍പ്പടെ ഉമ്മന്‍ചാണ്ടിയുടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിക്കുന്നതിന് കുടുംബം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. .

