കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപ്പെടേണ്ടത്?; റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതില്‍ കോടതിയിടപെടലുകളുണ്ടായിരുന്നിട്ടും സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനവുമായി ഹൈക്കോടതി. ഇനിയും ഉത്തരവിറക്കിയിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥ സംബന്ധിച്ച കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

‘ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുവുമാണ്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സര്‍ക്കാരാണോ കൂടുതല്‍ വ്യാകുലപെടേണ്ടത്? എംജി റോഡില്‍ കുഴി തുറന്നിരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ജില്ലാ കലക്ടര്‍ എന്ത് ചെയ്തുവെന്നും എന്ത് നടപടി സ്വീകരിച്ചുവെന്നും പറയാന്‍ പറ്റുമോ? ഒരു ജീവന്‍ പോയിട്ടും ആര്‍ക്കും ഇവിടെ ഒരു പ്രശ്‌നവുമില്ല. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി മുടിയും. ഇവിടെ ഒരു റിബണ്‍ കെട്ടി കുഴി മറക്കാന്‍ ശ്രമിക്കുന്നു. എന്തൊരു അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് ഉദ്യോഗസ്ഥര്‍ക്ക്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് പോലും വന്നിട്ടില്ല. അമിക്കസ് ക്യൂറിയാണ് മരിച്ച കുട്ടിയുടെ കാര്യം കോടതിയുടെ ശ്രദ്ധയിലെത്തിച്ചത്. അതേ തുടര്‍ന്ന് കേസ് പരിഗണിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിസംഗത ക്രിമിനല്‍ കുറ്റമാണ്. കുഴി 10 ദിവസത്തോളും നന്നാക്കാതെയിരുന്നത് ഞെട്ടിക്കുന്നതാണ്. മരണത്തെ വിളിച്ചു വരുത്തുകയായിരുന്നു. ജില്ല കളക്ടര്‍ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്ക് അനാസ്ഥ’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ട് ബാക്കി പറയാമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മറ്റന്നാള്‍ വീണ്ടും പരിഗണിക്കാനായി മാറ്റി.