തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ച വിഷയത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. ചട്ടം 303 പ്രകാരം എ പി അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്നത്തിലായിരുന്നു റൂളിംഗ്.
‘വെള്ളക്കരം വര്‍ധിപ്പിച്ച വിവരം ആദ്യം പ്രഖ്യാപിക്കേണ്ടിയിരുന്നത് നിയമസഭയിലായിരുന്നു. നയപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുമ്‌ബോള്‍ സഭാസമ്മേളന കാലയളവിലാണെങ്കില്‍ അക്കാര്യം സഭയില്‍തന്നെ ആദ്യം പ്രഖ്യാപിക്കുന്ന കീഴ്വഴക്കമാണ് സഭയ്ക്കുള്ളത്. ഇതിന് മാതൃകയായി മുന്‍കാല റൂളിംഗുകളുണ്ട്. സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന വെള്ളക്കരത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അന്തിമ തീരുമാനം പുറപ്പെടുവിച്ചത് തികച്ചും ഭരണപരമായ നടപടി ആണെങ്കില്‍ പോലും സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന തീരുമാനമെന്ന നിലയിലും സഭാസമ്മേളനത്തില്‍ ആയിരിക്കുന്ന കാലയളവില്‍ ഇക്കാര്യം സഭയില്‍തന്നെ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഉത്തമമായ മാതൃകയായേനെ. ഭാവിയില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യം ശ്രദ്ധിക്കണം’- സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം, വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് സഭാസമ്മേളന കാലയളവിലാണെന്നും ഇത്തരം തീരുമാനങ്ങള്‍ സഭാസമ്മേളന കാലത്ത് സഭയില്‍ തന്നെ ആദ്യം പ്രഖ്യാപിക്കുന്നതാണ് കീഴ്വഴക്കമെന്നുമാണ് എ പി അനില്‍കുമാര്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യക്തമായ റൂളിംഗുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് ഉചിതമായില്ലെന്നും അനില്‍കുമാര്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തില്‍ ചൂണ്ടിക്കാട്ടി.

