തിരുവനന്തപുരം: വിമൺ ഇൻ സിനിമ കളക്ടീവ് ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ നടിയ്ക്ക് പിന്തുണ നൽകുമായിരുന്നുവെന്ന പരാമർശത്തിൽ ഖേദ പ്രകടനവുമായി നടൻ ഇന്ദ്രൻസ്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇന്ദ്രൻസ് ഇതുസംബന്ധിച്ച പരാമർശം നടത്തിയത്. ഈ പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് ഇന്ദ്രൻസ് ക്ഷമാപണം നടത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡബ്ല്യുസിസിയെ തള്ളിപ്പറയാനല്ല ശ്രമിച്ചത്. ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. തന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേൾക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂർവ്വം ശ്രമിച്ചിട്ടില്ല.
ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവർത്തകൻ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാൻ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെൺകുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയിൽ ഒപ്പം തന്നെയുണ്ട്.
മനുഷ്യരുടെ സങ്കടങ്ങൾ വലിയ തോതിൽ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നിൽക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകൾ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു….
എല്ലാവരോടും സ്‌നേഹം
ഇന്ദ്രൻസ്

