തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവിൽ ന്യായീകരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധന മാത്രമാണിതെന്നാണ് ബാലഗോപാൽ വ്യക്തമാക്കുന്നത്. 17 തവണയാണ് യുഡിഎഫ് ഇന്ധന നികുതി ഉയർത്തിയതെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയെ പിന്തുണയ്ക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എംഎൽഎ മാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പിൽ, സി ആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
ബജറ്റ് പൊതുചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ഫെബ്രുവരി 13 ന് യു ഡി എഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും.

