തിരുവനന്തപുരം: സംസ്ഥാന സിലബസ് സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ന്നത് 3,03,168 കുട്ടികളാണെന്നു വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിച്ചു. കഴിഞ്ഞവര്‍ഷം ഇത് 3,48,741 ആയിരുന്നു.
എന്നാല്‍, രണ്ടു മുതല്‍ 10 വരെ ക്ലാസുകളിലായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ 44,915 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ 75,055 കുട്ടികളും പുതുതായി ചേര്‍ന്നു- ആകെ 1,19,970. ഇവരില്‍ 24% പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്നും 76% പേര്‍ മറ്റു സിലബസുകളില്‍ നിന്നും എത്തിയവരാണ്. 10 ജില്ലകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ കൂടി. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വര്‍ധനയില്ലാത്തത്.
അതേസമയം, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിലും കുറവാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1, 4, 10 ഒഴികെയുള്ള ക്ലാസുകളിലും എയ്ഡഡില്‍ 1, 4, 7, 10 ഒഴികെയുള്ള ക്ലാസുകളിലും കുട്ടികള്‍ കൂടി. ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് അഞ്ചിലും (32,545) എട്ടിലുമാണ് (28,791). ഏറ്റവും കൂടുതല്‍ കുട്ടികളുള്ളത് മലപ്പുറം ജില്ലയിലും (20.35%) കുറവ് പത്തനംതിട്ടയിലുമാണ് (2.25%). പത്തു വരെയുള്ള ക്ലാസുകളിലെ ആകെ കുട്ടികളില്‍ 43% പേര്‍ (16,48,487) ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

