തുടര്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റിയേക്കും; സന്ദര്‍ശിച്ച് എകെ ആന്റണിയും എംഎം ഹസനും

തിരുവനന്തപുരം: ചികിത്സ നിഷേധിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തില്‍ തുടര്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് മാറ്റിയേക്കുമെന്ന്് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു.

താന്‍ ഇടയ്ക്കിടയ്ക്ക് ഉമ്മന്‍ ചാണ്ടിയെ കാണാന്‍ വരാറുണ്ടെന്നായിരുന്നു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് എ.കെ ആന്റണിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും, ഉമ്മന്‍ ചാണ്ടിയെ സാധാരണ കാണുന്നത് പോലെ തന്നെയുണ്ടെന്നാൃുമായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതി അദ്ദേഹത്തിന്റെ കുടുംബം ശക്തമായി എതിര്‍ക്കുന്നു. അലക്‌സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകള്‍ക്ക് അച്ഛന്റെ സഹോദരന് മറുപടി നല്‍കാന്‍ താനില്ലെന്നും, ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിക്കഴിഞ്ഞുവെന്നും അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

അതേസമയം, പരാതി നല്‍കിയ ശേഷം പിന്‍വലിപ്പിക്കാന്‍ പലരെ കൊണ്ടും തനിക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് അലക്‌സ് വി ചാണ്ടി കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ് ചികിത്സ നിഷേധിക്കുന്നത്. ഇളയ മകള്‍ അച്ചു ഉമ്മന് പിതാവിന് മികച്ച ചികിത്സ കിട്ടണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.