തൃശ്ശൂര്‍: തൃശ്ശൂരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
അതേസമയം, സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയെ അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴായിരുന്നു പീഡനശ്രമം. മെഡി.കോളേജിലേക്ക് മാറ്റിയ യുവതിക്കൊപ്പം ബന്ധുവെന്ന പേരില്‍ പ്രതി കയറിപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്.

