യോഗി ആദിത്യനാഥ് ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണ്; രൂക്ഷ വിമർശനവുമായി ഒവൈസി

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. യോഗി ആദിത്യനാഥ് ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഭാരതത്തിന്റെ ദേശീയ മതം സനാതന ധർമമാണെന്ന യോഗി ആദിത്യനാഥിന്റെ പരാമർശത്തോടായിരുന്നു ഒവൈസിയുടെ പ്രതികരണം.

യോഗി ആദിത്യനാഥ് ഭരണഘടനാമൂല്യങ്ങളെ മറക്കരുത്. അദ്ദേഹത്തിന്റെ പ്രസ്താവന ഖേദകരമാണ്. ഭരണഘടന നിലനിൽക്കുന്നിടത്തോളം രാജ്യത്ത് ഒരു മതം മാത്രമായി നിലനിൽക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലെത്തിയതെന്ന കാര്യം യോഗി മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെയും ഒവൈസി രൂക്ഷ വിമർശനം നടത്തി. മുസ്ലീം സമുദായാംഗങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സമാജ് വാദി പാർട്ടി നേതാവിനെ കാണാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സനാതന ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്നും എല്ലാവരാലും ബഹുമാനിക്കപ്പെടണമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.