തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നത് കള്ള പ്രചാരണമെന്ന് അദ്ദേഹം പറഞ്ഞു.
പച്ചക്കള്ളമാണ് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പറയുന്നതെന്നും ഗീബൽസിയൻ തന്ത്രമാണ് ധനമന്ത്രിയുടേതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന് അനുവദിച്ച ഫണ്ട് സംബന്ധിച്ച നിയമസഭാരേഖകൾ അദ്ദേഹം പുറത്തുവിടുകയും ചെയ്തു. റവന്യു കമ്മി ഗ്രാന്റ് ഇനത്തിൽ ഏറ്റവും കൂടുതൽ തുക നേടിയിട്ടുള്ള സംസ്ഥാനം കേരളമാണ്. ഈ സാമ്പത്തിക വർഷം കേന്ദ്രം കേരളത്തിന് 2748 കോടി നൽകിയെന്ന് ധനമന്ത്രി തന്നെ നിയമസഭയിൽ വ്യക്തമാക്കിയതാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ഇതു വരെ കിട്ടേണ്ട മുഴുവൻ തുകയും കേരളത്തിന് ലഭിച്ചിട്ടുണ്ട്. ഇതാണോ കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരം തീർക്കലെന്ന് അദ്ദേഹം ചോദിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അനാവശ്യമായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കില്ല. കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാറാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദ സഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുന്നത്. കേരളം നികുതിവെട്ടിപ്പ് തടയുന്നതിൽ വളരെ പിന്നിലാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ നികുതി വെട്ടിച്ച് സ്വർണം കടത്താൻ കൂട്ടു നിൽക്കുന്ന നാട്ടിൽ നികുതി പിരിവ് എങ്ങനെ കാര്യക്ഷമമാകുമെന്നും അദ്ദേഹം ചോദിക്കുന്നു. കേന്ദ്രസർക്കാറാണ് പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത്. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഇനി പിണറായി വിജയനെതിരെ തിരുവനന്തപുരത്തു വന്ന് സമരം നടത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

