ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കാൻ സാധ്യത; അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കാൻ സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്ന നിലയ്ക്കും അഭിപ്രായമുണ്ട്. തിങ്കളാഴ്ച്ചയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ച്ച മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറക്കുമെന്ന് പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുമെന്നും ധനവകുപ്പ് വിശദീകരിച്ചു.

അതേസമയം, നികുതി വർദ്ധനവിനെതിരെ ആരംഭിച്ച പ്രതിഷേധം ഫലം കാണുന്നുവെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. നികുതി വർദ്ധനവിനെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം ധനമന്ത്രി രംഗത്തെത്തിയിരുന്നു. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താൻ കാരണം കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.