ഇ-ടാക്‌സിയുടെ നികുതിനിരക്ക് കുറയും; ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇ-ടാക്‌സിയുടെ നികുതിനിരക്ക് 20 ശതമാനത്തിൽ നിന്ന് അഞ്ചായി കുറയും. അതേസമയം, മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

സംസ്ഥാനത്തെ പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2 ശതമാനം വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി നിരക്ക് ഉയർത്തിയത്. 5 മുതൽ 15 ലക്ഷം വരെ 2 ശതമാനം നികുതി വർധനവും 15- 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി വർധനവും രേഖപ്പെടുത്തി. 20 – 30 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം വർധനവും 30 ലക്ഷത്തിന് മുകളിൽ 1 ശതമാനം വർധനവുമാണ് വരുത്തിയിട്ടുള്ളത്.

എന്നാൽ, സ്വകാര്യബസ്-കോൺട്രാക്റ്റ് ക്യാരേജ് വാഹനങ്ങൾക്ക് ത്രൈമാസനികുതിയിൽ 10 ശതമാനം ഇളവുണ്ട്. സീറ്റ് കണക്കാക്കി നികുതിയടച്ചിരുന്ന ബസുകൾക്ക് 2001-നുശേഷം നികുതി വർധിപ്പിച്ചിരുന്നില്ല. ഇതിലാണ് 10 ശതമാനം ഇളവ് നൽകുന്നത്. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള സ്വകാര്യ സ്‌കൂൾ വാഹനങ്ങളുടെ നികുതി കുറച്ചു. സീറ്റ് അടിസ്ഥാനമാക്കി മൂന്നുമാസത്തേക്ക് 5500 രൂപ നൽകിയിരുന്നത് ഇനി 1000 അടച്ചാൽ മതി. മോട്ടോർവാഹനവകുപ്പിലെ നികുതികുടിശ്ശിക അടയ്ക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരും. ഇതിൽ പിഴ ഇളവ് നൽകുമെന്നും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചു.

വാഹനം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഈടാക്കുന്ന ഒറ്റത്തവണ സെസ് ഇരട്ടിയാക്കുന്നു. ഇരുചക്ര വാഹനങ്ങൾക്ക് 50 രൂപയിൽ നിന്ന് 100 രൂപയായും കാറുകൾക്ക് 100-ൽ നിന്ന് 200 രൂപയായും മീഡിയം മോട്ടോർ വാഹനങ്ങൾക്ക് 150 രൂപയിൽ നിന്ന് 300 രൂപയായും ഹെവി വാഹനങ്ങൾക്ക് 250 രൂപയായിരുന്നത് 500 രൂപയായും ഉയർത്തിയിട്ടുണ്ട്.