കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി; ബഹുജന മാർച്ച് സംഘടിപ്പിക്കും

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും തെറ്റായ നടപടികൾക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി തുടക്കം കുറിക്കുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. തിങ്കളാഴ്ച എല്ലാ ബൂത്ത് തലത്തിലും പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും 9ന് എല്ലാ കലക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നതിനെതിരെ ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് തീരുമാനം. കേന്ദ്ര പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ പദയാത്രകളും ഗൃഹസമ്പർക്ക പരിപാടികളും നടത്താനും പാർട്ടി തീരുമാനിച്ചു. നികുതിഭാരം അടിച്ചേൽപ്പിക്കുന്നതിന് കേന്ദ്രത്തെ കുറ്റംപറയുന്ന സംസ്ഥാന ധനമന്ത്രി കേരളത്തിനു യുപിഎ ഭരണകാലത്തും മോദി സർക്കാരിന്റെ കാലത്തും ലഭിച്ച നികുതിവിഹിതത്തിന്റെ കണക്കുകൾ പുറത്തുവിടാൻ ധൈര്യം കാണിക്കണെന്നും പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവും കുറവു വിലയുള്ള രാജ്യം ഇന്ത്യയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സിപിഎം സംസ്ഥാനത്തെ വിനാശത്തിലേക്കു നയിക്കുകയാണ്. സംസ്ഥാന സർക്കാരിന് വായ്പ നൽകാൻ സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും തയാറാകരുതെന്നും അത് ആത്മഹത്യാപരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി ടി ഉഷയുടെ ആരോപണങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

പി ടി ഉഷയുടെ അത്ലറ്റിക്‌സ് സ്‌കൂളിനെതിരായ പ്രതികാര നടപടി അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ സിപിഎം പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകണം. ഉഷയെ ദ്രോഹിച്ചാൽ ജനം നോക്കിനിൽക്കുമെന്നു കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.