തൊടുപുഴ: റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഉച്ചയ്ക്ക് 12 30 തോടെ താരം അടിമാലി സ്റ്റേഷനില്‍ എത്തുകയും താമസിയാതെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധകളും പൂര്‍ത്തിയാക്കി. ശേഷം ദേവികുളം കോടതിയില്‍ ഹാജരാക്കും.
ആനവിരട്ടി കമ്ബി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് ബാബുരാജിനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വരികയായിരുന്നു. താന്‍ കരുതല്‍ ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കിനല്‍കണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശി പരാതി നല്‍കിയത്. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവച്ചാണ് ബാബുരാജ് താനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍കുമാര്‍ പറയുന്നു.
അതേസമയം, നിലവില്‍ ബാബുരാജിന് മുന്‍കൂര്‍ജാമ്യം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ ഹാജരാവണം,ഒരു മാസത്തേയ്ക്ക് എല്ലാ ശനിയാഴ്ചയും സ്റ്റേഷനില്‍ എത്തണം,നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ജാമ്യം നിലനില്‍ക്കെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് തുടങ്ങിയവയാണ് പ്രധാന ജാമ്യ വ്യവസ്ഥകള്‍.

