ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവായി മോദി; ബൈഡനും ഋഷി സുനകും പിന്നില്‍

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവെന്ന് റിപ്പോര്‍ട്ട്. 78 ശതമാനം അംഗീകാരത്തോടെയാണ് നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെയെല്ലാം മറികടന്നാണ് ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ സര്‍വേയില്‍ മോദി ഒന്നാമനായത്.

68 ശതമാനം റേറ്റിംഗുമായി മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ രണ്ടാം സ്ഥാനത്തും 62 ശതമാനം അംഗീകാരത്തോടെ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്‍സെറ്റ് മൂന്നാം സ്ഥാനത്തും എത്തി. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് 58 ശതമാനം വോട്ടോടെ നാലാം സ്ഥാനത്തെത്തി. ബ്രസീലിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇടതുനേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ 50 ശതമാനം വോട്ടോടെ അഞ്ചാമതെത്തി. ഇറ്റലിയിലെ തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോണി 52 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്. കനേഡിയന്‍ പ്രധാനമന്ത്രി 40 ശതമാനം വോട്ടോടെ 9-ാം സ്ഥാനത്തും യുകെയുടെ പ്രധാനമന്ത്രി ഋഷി സുനക്ക് 30 വോട്ടോടെ 12-ാം സ്ഥാനത്തും എത്തി. 40 ശതമാനം വോട്ടാണ് ലഭിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചത്. ജോ ബൈഡന്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് . നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സിയോക്-യൂള്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

അതേസമയം, യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നം പരിഹരിക്കാനാണ് മോദി ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടത്. മോദിയുടെ പ്രസ്താവന യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സ്വാഗതം ചെയ്തു. ജനുവരി 26 മുതല്‍ 31 വരെ നടത്തിയ സര്‍വേയില്‍ 22 ആഗോള നേതാക്കളെയാണ് ഉള്‍പ്പെടുത്തിയത്. ഓരോ രാജ്യത്തും പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ ഏഴ് ദിവസം നീണ്ട സര്‍വേയാണ് എടുത്തത്. ഓരോ രാജ്യത്തെയും ജനസംഖ്യക്കനുസരിച്ച് സര്‍വേയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നും സ്ഥാപനം അറിയിച്ചു.