ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) അദാനി ഗ്രൂപ്പുമായി വലിയ ഇടപാടുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയും ഏറ്റവും വലിയ പൊതുമേഖലാ ബാങ്കും അദാനിയുമായി നടത്തിയ ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
അദാനി കമ്പനികൾക്ക് നൽകിയ വായ്പ തങ്ങളുടെ അനുവദനീയമായ പരിധിക്കുള്ളിൽ നിന്ന് തന്നെയാണെന്ന് എൽഐസിയും എസ്ബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും നിർമ്മലാ സീതാരമൻ വിശദീകരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദാനി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടത്തിന് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിട്ടുള്ളത്.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾക്കുണ്ടായ നഷ്ടം പത്ത് ലക്ഷം കോടി കടന്നിരിക്കുകയാണ്. അദാനിക്കെതിരെ ഓഹരി തട്ടിപ്പ് ആരോപണത്തിൽ കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. അടുത്തകാലത്തായി നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായിട്ടില്ല.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിന് പിറകെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം. അദാനിയുടെ സാമ്ബത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. അദാനിക്കെതിരെ സെബിയും പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം.

