ധാക്ക: ബംഗ്ലാദേശില് വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്ക്കാരിനെതിരെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികളും ഹസീനയുടെ രാജി ആവശ്യപ്പെട്ടു.
470 കോടി ഡോളറിന്റെ സാമ്പത്തിക സഹായം ഐ എം എഫ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ താല്ക്കാലികമായി പിടിച്ചുനില്ക്കാം എന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. എന്നാല് ഇന്ധന ഇറക്കുമതിക്ക് അടക്കം പണമില്ലാതായത് പ്രതിസന്ധി രൂക്ഷമാക്കും. കോവിഡ് പ്രതിസന്ധിയില് വസ്ത്ര നിര്മാണ മേഖല തകര്ന്നതാണ് ബംഗ്ലാദേശിന് തിരിച്ചടി ആയത്.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയില് വലയുന്ന പാകിസ്ഥാനില് അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക് രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം 21-23 ശതമാനത്തില് ഉയര്ന്ന നിലയില് തുടരുമെന്നും നടപ്പ് സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ക്വാര്ട്ടറില് ധനക്കമ്മി 115 ശതമാനത്തിലധികം വര്ധിക്കുമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാണ്. കടക്കെണിയില്പ്പെട്ടിരിക്കുന്ന പാകിസ്ഥാനില് ഊര്ജ്ജ മേഖലയില് സംഭവിക്കുന്നത് വന് തിരിച്ചടിയാണ്. ഇതോടെ പലയിടത്തും വ്യാപാര കേന്ദ്രങ്ങളും മാളുകളും റസ്റ്റോറന്റുകളും സന്ധ്യയോടെ തന്നെ അടയ്ക്കണമെന്ന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.

