തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുൻപായി എറണാകുളം ഗസ്റ്റ് ഹൗസിൽ യൂത്ത് കോൺഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ എത്തിയപ്പോൾ തന്നെ ആലുവയിൽ വച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് കരിങ്കിൊടി പ്രതിഷേധം നടത്തി.
ബജറ്റിലെ നികുതി വർദ്ധനവിനെതിരെ ഹർത്താൽ ഉൾപ്പെടെയുള്ള വലിയ പ്രതിഷേധ പരിപാടികൾ ആലോചനയിലുണ്ടെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ തീപാറുന്ന സമരം വരുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരുന്നത്.
ബജറ്റിലൂടെ ജനത്തെ കൊള്ളയടിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. ഇന്ധന വില കുതിച്ചുയരുന്നതിനിടയിലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ചിന്നക്കടയിലെ സപ്ലൈകോ പമ്പ് കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപരോധിച്ചു. വരും ദിവസങ്ങളിലും യു.ഡി.എഫ് സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ബജറ്റ് നിർദേശങ്ങൾക്കെതിരെ കോൺഗ്രസ് നടത്തുന്ന വിവിധ പ്രതിഷേധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

