വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടിയില്ലെങ്കില്‍ സമരം; മുന്നറിയിപ്പുമായി ബസ് ഉടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരം വേണ്ടി വരുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ‘ഡീസല്‍ വില വര്‍ധനവ് അംഗീകരിക്കാനാകില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെ യാത്ര നിരക്ക് അടിയന്തരമായി വര്‍ദ്ധിപ്പിക്കാത്ത പക്ഷം സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ല’- ഓള്‍ കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം ഈടാക്കുന്നത് 19 രൂപയാണ് എന്നാല്‍, ഏകദേശം 25 രൂപയാണ് സംസ്ഥാനം ഈടാക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ അഡീഷണല്‍ ടാക്‌സും റോഡ് സെസ് എന്ന പേരില്‍ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു. ഇതിനൊപ്പമാണ് ഇനി മുതല്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാനത്തിന്റെ സെസ് മാത്രം മൂന്നര രൂപയോളമാകും. ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത് ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസ്സും പിരിക്കുന്നത്.