സിപിഎം നേതാക്കളുടെ കൂറുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരൻ; സഭയിൽ വിശദീകരണം നൽകാൻ അനുമതി നൽകി സിപിഐ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ, തന്നെ ആക്രമിച്ച കേസിലെ സിപിഎം നേതാക്കളുടെ കൂറുമാറ്റത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇ ചന്ദ്രശേഖരൻ. സിപിഐ നേതൃയോഗത്തിലാണ് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആരും തന്നെ വിധി വന്ന ശേഷം വിളിച്ചില്ലെന്നും മുല്ലക്കര രത്‌നാകരനും കെ പ്രകാശ് ബാബുവും മാത്രമാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പി ബാലചന്ദ്രൻ എംഎൽഎ സംഭവത്തെ കുറിച്ച് നിയമസഭയിൽ പറഞ്ഞതിലും ചന്ദ്രശേഖരൻ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വബോധത്തോടെ ആണോ പറഞ്ഞതെന്ന് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകാൻ അനുവദിക്കണമെന്ന ആവശ്യവും ചന്ദ്രശേഖരന് മുന്നോട്ടുവെച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് വിശദീകരണം നൽകാൻ ചന്ദ്രശേഖരന് അനുമതി നൽകുകയും ചെയ്തു. 2016 മെയ് 19 നിയമാസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഇ ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവർ കുറുമാറിയതിനെ തുടർന്ന് പ്രതികളെ വിട്ടയച്ചിരുന്നു. സിപിഎം നേതാക്കളുടെ കൂറുമാറ്റത്തിൽ സിപിഎമ്മിനെ അതൃപ്തി അറിയിക്കാനാണ് സിപിഐയുടെ തീരുമാനം.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ബിജെപി.പ്രവർത്തകർ ചന്ദ്രശേഖരനെ ആക്രമിച്ചെന്നായിരുന്നു കേസ്. പോലീസിന് മുന്നിൽ എട്ടിലേറെ പ്രതികളെ തിരിച്ചറിഞ്ഞശേഷമായിരുന്നു ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ സാക്ഷികളായ സിപിഎം. നേതാക്കൾ കൂറുമാറിയത്. സിപിഎം. ജില്ലാകമ്മിറ്റിയംഗവും കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ. രവി എട്ട് പ്രതികളെയാണ് തിരിച്ചറിഞ്ഞത്. സിപിഎം. മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അനിൽ ബങ്കളം ഒൻപത് പ്രതികളെയും തിരിച്ചറിഞ്ഞു. രവിയുടെ ഡ്രൈവർ ചായ്യോത്ത് മിഥുലാജ് ഹൗസിൽ കെ. ഹക്കീം പന്ത്രണ്ടിൽ ഒരാളൊഴിച്ച് ബാക്കി എല്ലാവരെയും തിരിച്ചറിഞ്ഞിരുന്നു. ഹക്കീമും വിചാരണവേളയിൽ കൂറുമാറിയിരുന്നു.