സംസ്ഥാന ബജറ്റ്; ഇന്ധന വിലയും മദ്യ വിലയും വർധിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പെട്രോൾ, ഡീസൽ എന്നിവക്ക് 2 രൂപ സെസ് ഏർപ്പെടുത്തിയതോടെ ഇന്ധന വില വർദ്ധിക്കും. വിദേശ മദ്യങ്ങൾക്ക് സാമൂഹ്യ സുരക്ഷ സെസ് ഏർപ്പെടുത്തിയതോടെ മദ്യവിലയിലും വർധന വുണ്ടാകും. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വിലയും കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഫ്ളാറ്റുകളുടെ മുദ്ര വിലയും വർദ്ധിപ്പിച്ചു.

മോട്ടോർ വാഹന നികുതിയും കൂട്ടി. മോട്ടോർ വാഹന നികുതിയിൽ 2% വർദ്ധന ഉണ്ടാകും. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാൻസി നമ്പർ സെറ്റുകൾ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോൺട്രാക്റ്റ്, സ്റ്റേജ് കാരിയർ വാഹനങ്ങളുടെ നികുതി 10% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ പുതിയതായി വാങ്ങുന്ന 2 ലക്ഷം വില വരുന്ന മോട്ടോർ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയിൽ 2 ശതമാനം വർദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 5 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി നിരക്ക് ഉയർത്തിയത്. 5 മുതൽ 15 ലക്ഷം വരെ 2 ശതമാനം നികുതി വർധനവും 15- 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം നികുതി വർധനവും രേഖപ്പെടുത്തി. 20 – 30 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 1 ശതമാനം വർധനവും 30 ലക്ഷത്തിന് മുകളിൽ 1 ശതമാനം വർധനവുമാണ് വരുത്തിയിട്ടുള്ളത്.

500 രൂപ മുതൽ 999 രൂപ വരെ വില വരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതൽ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏർപ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സർക്കാർ അധികമായി പ്രതീക്ഷിക്കുന്നത്.