കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും സർക്കാർ സർവ്വീസിൽ നിന്നും 56 വയസിൽ വിരമിക്കേണ്ടിവരില്ല; സുപ്രീം കോടതി ജഡ്ജി

ന്യൂഡൽഹി: കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും സർക്കാർ സർവ്വീസിൽ നിന്നും 56 വയസിൽ വിരമിക്കേണ്ടിവരില്ലെന്ന് സുപ്രീം കോടതി ജഡ്ജി അജയ് റസ്‌തോഗി. കേരളത്തിലെ സർക്കാർ സർവ്വീസിലുള്ള ജീവനക്കാരിൽ ഭൂരിഭാഗവും അമ്പത്തിയാറ് വയസിൽ വിരമിക്കുമെന്ന് കേട്ട് അദ്ദേഹം ആശ്ചര്യപപ്െടുകയും ചെയ്തു. ഇത് നീതിയുക്തമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ പ്രൊഫെസ്സർ / അസ്സോസിയേറ്റ് പ്രൊഫസർ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അജയ് റസ്‌തോഗി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. ബോണി നടേശനുവേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ആണ് ഹാജരായത്. കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും അമ്പത്തിയാറ് വയസ്സിൽ വിരമിക്കുമെന്ന് കോടതിയെ അറിയിച്ചത് ചിദംബരേഷാണ്.

മുമ്പ് ഇരുപത്തി മൂന്നാമത്തെ വയസിൽ വിവാഹം നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായം. കുട്ടികൾ കോളേജിലെത്തുമ്പോൾ സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകും. കുട്ടികളുടെ പഠനം ഉൾപ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വിരമിക്കേണ്ടിവരുന്നത് നീതിയുക്തമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഓരോ വർഷവും നിരവധി ചെറുപ്പക്കാരാണ് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തൊഴിലന്വേഷകരായി എത്തുന്നതെന്ന് കോടതിയിൽ ഉണ്ടായിരുന്ന സീനിയർ അഭിഭാഷകൻ വി. ഗിരി പറഞ്ഞു. വിരമിക്കൽപ്രായം ഉയർത്തിയാൽ അവരുടെ തൊഴിൽസാധ്യതകൾ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുരണ്ടും സന്തുലിതമായി സർക്കാർ കൊണ്ടുപോകണമെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു.