വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് താരം റാഫേല്‍ വരാനെ

പാരീസ്: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ് പ്രതിരോധ താരം റാഫേല്‍ വരാനെ. നിലവിലെ ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ് ടീമിലെ ശക്തമായ സാന്നിധ്യമായിരുന്ന വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2018ല്‍ ലോകകപ്പ് നേടിയപ്പോഴും വരാനെ ടീമില്‍ അംഗമായിരുന്നു. ലോകകപ്പില്‍ ഫ്രാന്‍സിനായി എല്ലാ മത്സരങ്ങളിലും വരാനെ കളിച്ചിട്ടുണ്ട്. 2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ലോകകപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഫ്രാന്‍സിന് കിരീടം നിലനിര്‍ത്താനായില്ല. ക്ലബ് ഫുട്‌ബോളിലെ വമ്ബന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ താരം കൂടിയാണ് ഈ 29 കാരന്‍.

അണ്ടര്‍ 18, അണ്ടര്‍ 20, അണ്ടര്‍ 21 തലങ്ങളില്‍ ഫ്രാന്‍സിനായി കളിച്ച ശേഷമാണ് വരാനെ ഫ്രാന്‍സ് സീനിയര്‍ ടീമില്‍ ഇടം നേടിയത്. 2013ല്‍ ജോര്‍ജിയയ്‌ക്കെതിരെയായിരുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് രാജ്യത്തിനായുള്ള അരേങ്ങേറ്റം കുറിച്ചത്. 2016ലെ യൂറോ കപ്പില്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും, 2018 ലോകകപ്പ് ടീമില്‍ താരത്തിന് ഇടം ലഭിച്ചു. ആ വര്‍ഷം ലോകകപ്പിന് പുറമേ, ചാമ്ബ്യന്‍സ് ലീഗ് നേടിയ റയല്‍ മാഡ്രിഡ് ടീമിന്റെ ഭാഗവുമായിരുന്നു വരാനെ. ഒരേ വര്‍ഷം ലോകകപ്പും ചാമ്ബ്യന്‍സ് ലീഗും നേടുന്ന നാലാമത്തെ കളിക്കാരനായി വരാനെ മാറി. 2020-21 യുവേഫ നാഷന്‍സ് ലീഗിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്.