ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ; നിലവിൽ തീരുമാനങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നും സ്വീകരിച്ചില്ലെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പരിശോധിച്ച് ശുപാർശകൾ സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാർ 21-ാം നിയമ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31-ന് അവസാനിച്ചുവെന്നും അദ്ദേഹം രാജ്യസഭയിൽ വിശദീകരിച്ചു.

അതേസമയം, ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ 22-ാം നിയമ കമ്മിഷൻ പരിഗണനയ്ക്കായി എടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.