സപ്ലൈകോയിൽ വൻ തട്ടിപ്പ്; ഇല്ലാത്ത താൽക്കാലിക ജീവനക്കാരുടെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്

കൊച്ചി: സപ്ലൈകോയിൽ വൻ തട്ടിപ്പ്. ഇല്ലാത്ത താൽക്കാലിക ജീവനക്കാരുടെ പേരിൽ ശമ്പളം എഴുതിയെടുത്തു ലക്ഷങ്ങളുടെ വെട്ടിപ്പാണ് സപ്ലൈകോയിൽ നടക്കുന്നതെന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയർന്നതോടെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഇതേ രീതിയിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നുവെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. തട്ടിപ്പു നടത്തിയ സപ്ലൈകോ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാരിൽ നിന്നു തുക ഇരട്ടിയായി തിരിച്ചുപിടിക്കാൻ ആരംഭിച്ചിട്ടുണ്ട്.

21.13 ലക്ഷം രൂപ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും നഷ്ടപ്പെട്ടിരുന്നു. 10.42 ലക്ഷം രൂപ തട്ടിപ്പു നടത്തിയ ജീവനക്കാരിൽ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. സപ്ലൈകോ ചെയർമാനും എംഡിയുമായ സഞ്ജീവ് പട്‌ജോഷിയാണ് ഇക്കാര്യം വിശദമാക്കിയത്. ഇടുക്കി ജില്ലയിലെ മൂന്നാർ കേന്ദ്രത്തിൽ മാത്രം 3.86 ലക്ഷം രൂപയുടെ തിരിമറി നടന്നിട്ടുണ്ട്. പാലക്കാട് ജില്ലയിലും വലിയ ക്രമക്കേട് നടന്നിരുന്നു. ഹാജർ ബുക്കിൽ ആളുകളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.

ദിവസ വേതനക്കാരായ ജീവനക്കാർക്ക് ഹാജർ ബുക്ക് അനുസരിച്ചുള്ള ശമ്പളം ഓരോ ഔട്ട്‌ലെറ്റുകളിലെയും ഓഫീസർ ഇൻ ചാർജ് വഴിയായിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാൽ, ജീവനക്കാരുടെ ഹാജരും ശമ്പള വിതരണവും ഓൺലൈൻ സംവിധാനത്തിലൂടെ കേന്ദ്രീകൃതമായി നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ് പല ജില്ലകളിലെയും തട്ടിപ്പ് കണ്ടെത്തിയത്.