തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ധന വില വർദ്ധനവിന് കാരണം കേന്ദ്ര നയമാണെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. ഇന്ധന വില വർദ്ധനയുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ച മാദ്ധ്യമങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
സെസ് ചുമത്തിയത് ബഡ്ജറ്റിന്റെ നിർദേശം മാത്രമാണ്. നിർദേശങ്ങളിൽ ചർച്ച നടത്തിയ ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരാണ് ഇന്ധന വില വർദ്ധിപ്പിച്ചതെന്നും അത് മറക്കാൻ സംസ്ഥാനത്തിന്റെ സെസ് ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രമാണ് ഇന്ധന വില വർദ്ധനയ്ക്ക് കാരണം. എന്താ അത് മിണ്ടാത്തതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് ചോദിച്ചു. അതേസമയം, സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. ശമ്പളവും പെൻഷനും കൊടുക്കണ്ടേയെന്ന് കാനം രാജേന്ദ്രൻ ചോദിച്ചു. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം ഏങ്ങനെ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു.
കേരളത്തെ വികസനത്തെ ഒട്ടും സഹായിക്കാത്ത ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ബജറ്റ്. സംസ്ഥാനത്തിന്റെ മൂല്യധന നിക്ഷേപം ഉൾപ്പെട്ട നിരവധി കാര്യങ്ങളിൽ വളരെ മോശമായിട്ടുള്ള നിലപാടാണ് കേന്ദ്ര ബജറ്റ് സ്വീകരിച്ചത്. വായ്പ പരിധി അടക്കം വെട്ടി കുറച്ച സാഹ്യചര്യത്തിൽ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോകും. ഈ സാഹചര്യത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ബജറ്റാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

