ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു; നോര്‍വീജിയന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌

തിരുവനന്തപുരം: വയനാട്ടിലേക്കുള്ള ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്കുള്ള ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചതായും പദ്ധതിയുടെ ആഘാതപഠനം പുരോഗമിക്കുകയാണെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.

‘നോര്‍വീജിയന്‍ സാങ്കേതിക വിദ്യ കൂടി തുരങ്ക നിര്‍മ്മാണത്തിന് ഉപയോഗിക്കും. താമരശ്ശേരി ചുരം റോഡിന്റെ വികസനം സാധ്യമാക്കുന്നതിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെയുള്ള റോഡിന്റെ വികസനത്തിനുള്ള നിര്‍ദ്ദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സംസ്ഥാനം സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ പുതുപ്പാടി മുതല്‍ മുത്തങ്ങ വരെയുള്ള മേഖലയില്‍ ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. വനഭൂമി ലഭ്യമായാല്‍ മാത്രമേ വികസനം പൂര്‍ത്തിയാക്കാനാവൂ. 6,7,8 വളവുകള്‍ വികസിപ്പിക്കാന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കുകയാണ്. ഘട്ടംഘട്ടമായി ചുരം റോഡ് വികസിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. പര്‍വത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിവാരം-ലക്കിടി റോപ്പ് വേ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയാണ്. പദ്ധതി നടപ്പാക്കാന്‍ വനഭൂമി വലിയ തോതില്‍ ആവശ്യമാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, വയനാട് തുരങ്കപാതക്ക് 2134 കോടി കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. 7.82 കിമീ നീളുന്നതാണ് തുരങ്കം. പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയാകും ഇത്.