കശ്മീരില്‍ പെര്‍ഫ്യൂം ബോംബുമായി ഭീകരന്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നര്‍വാല്‍ ഇരട്ട സ്‌ഫോടനക്കേസില്‍ ലഷ്‌കറെ ത്വയിബ ഭീകരനും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനുമായ ആരിഫ് അഹമ്മദ് അറസ്റ്റില്‍. ആരിഫ് ജമ്മുവിലെ റിയസി ജില്ലയില്‍ നിന്നുള്ളയാളാണെന്നും, ഇയാളില്‍ നിന്ന് പെര്‍ഫ്യൂം ബോംബ് കണ്ടെടുത്തതായും ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.

ഡ്രോണ്‍ വഴിയാണ് ആരിഫിന് പെര്‍ഫ്യൂം ബോംബ് ലഭിച്ചതെന്നാണ് കരുതുന്നത്. രാജ്യത്ത് ആദ്യമായാണ് പെര്‍ഫ്യൂം ബോട്ടിലില്‍ നിറച്ച സ്‌ഫോടക വസ്തു കണ്ടെത്തുന്നത്. പെര്‍ഫ്യൂം പുറത്തേക്കു വരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ് ഇതിന്റെ സജ്ജീകരണം. പാക്കിസ്ഥാനിലുള്ള റിയസി സ്വദേശി ക്വാസിം, റിയസി സ്വദേശിയായ ഖമര്‍ദിന്‍ എന്നിവരുടെ നിര്‍ദേശാനുസരണം ആണ് ആരിഫ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് അറയിച്ചു.

അതേസമയം, കഴിഞ്ഞ മാസം 21ന് നര്‍വാലില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 9 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പുറമേ കഴിഞ്ഞ വര്‍ഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്‌ഫോടനത്തിലും വൈഷ്‌ണോദേവി തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു.