എഫ്പിഒ നിക്ഷേപ തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ അദാനി എന്റര്‍പ്രൈസസ് തീരുമാനം

മുംബൈ: നിലവിലെ അസാധാരണ സാഹചര്യവും, ഓഹരി വിപണിയിലെ അസ്ഥിരതയും കണക്കിലെടുത്ത് എഫ്പിഒ നിക്ഷേപ തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ അദാനി എന്റര്‍പ്രൈസസിന്റെ തീരുമാനം. ‘എഫ്പിഒ സബ്സ്‌ക്രിപ്ഷന്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകര്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി. എന്നാല്‍, ബുധനാഴ്ച ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടെ, അദാനി ഓഹരിവിലയില്‍ വലിയ ഏറ്റക്കുറച്ചില്‍ വന്നു. ഈ സാഹചര്യത്തില്‍ എഫ്്പിഒയുമായി മുന്നോട്ട് പോകുന്നത് നിക്ഷേപകരുടെ താല്‍പര്യത്തിന് വിരുദ്ധവും ധാര്‍മികമായി ശരിയുമല്ലെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. നിക്ഷേപകരുടെ താല്‍പര്യം പരമപ്രധാനമായതുകൊണ്ടും അവരെ വലിയ നഷ്ടത്തില്‍ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടും എഫ്പിഒയുമായി മുന്നോട്ടുപോകേണ്ടെന്ന് ബോര്‍ഡ് തീരുമാനിച്ചു. ഇത് കമ്ബനിയുടെ നിലവിലുള്ള പ്രവര്‍ത്തനത്തെയോ, ഭാവി പദ്ധതികളെയോ ഒരുതരത്തിലും ബാധിക്കില്ല. ബാലന്‍സ് ഷീറ്റ് വളരെ ശക്തമാണെന്നും സുരക്ഷിതമായ ആസ്തികള്‍ ഉണ്ട്. വിപണി സ്ഥിരതയ്യാര്‍ജ്ജിക്കുമ്‌ബോള്‍ ഞങ്ങള്‍ മൂലധന വിപണി നയം വീണ്ടും പരിശോധിക്കും’- ഗൗതം അദാനി കുറിപ്പില്‍ വ്യക്തമാക്കി.

ആദ്യ ദിവസങ്ങളില്‍ തണുത്ത പ്രതികരണമായിരുന്നു. 4.5 കോടി ഓഹരികളാണ് എഫ്പിഒയില്‍ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി. അവസാന ദിവസം 1.12 മടങ്ങ് ഓഹരികള്‍ക്കുള്ള അപേക്ഷകളാണ് എഫ്പിഒയില്‍ എത്തിയത്. ബുധനാഴ്ചയും അദാനി ഗ്രൂപ്പിന് ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ 30 ശതമാനം നഷ്ടം രേഖപ്പെടുത്തി. വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്ബനികളുടെ മൂല്യം 92 ബില്യണ്‍ ഡോളര്‍ നഷ്ടമെന്ന് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വ്യക്തിപരമായി അദാനിയുടെ സമ്ബത്ത് 40 ബില്യണ്‍ കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് അദാനി കമ്ബനികളുടെ ബോണ്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചു.

അദാനി പോര്‍ട്സ് 19.18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 10 ശതമാനവും അദാനി എനര്‍ജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നല്‍കുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു. അമേരിക്കന്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിട്ടതോടെയാണ് അദാനി കമ്ബനികള്‍ക്ക് ഓഹരി വിപണിയില്‍ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വന്‍തോതില്‍ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി.