മന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്ര സിപിഐ അറിയാതെ; റദ്ദാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സിപിഐ. യാത്ര നിശ്ചയിച്ചത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നാണ് വിവരം. സിപിഐ സംസ്ഥാന നേതൃത്വം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് അറിയിക്കുകയും അദ്ദേഹം തന്നെ ഇടപെട്ട് യാത്ര റദ്ദാക്കുകയുമായിരുന്നു.

ഇസ്രയേലിലെ കാര്‍ഷിക മേഖലയെപ്പറ്റി പഠിക്കുന്നതിനാണ് ഫെബ്രുവരി 12 മുതല്‍ 19 വരെ മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള യാത്ര നിശ്ചയിച്ചത്. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും കൂട്ടിയുള്ള യാത്ര ആധുനികവും ചെലവു കുറഞ്ഞതുമായ കൃഷിരീതി പഠിക്കുന്നതിനായിരുന്നു. എന്നാല്‍, ഉത്തരവിറങ്ങുന്നതിന് മുന്‍പ് പാര്‍ട്ടിയെ അറിയിക്കാതിരുന്നത് സിപിഐ സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശയാത്ര നിശ്ചയിച്ചത് ഒരു തലത്തിലുമുള്ള കൂടിയാലോചനയില്ലാതെയാണെന്നാണ് പാര്‍ട്ടിയുടെ വാദം.

അതേസമയം, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിനെതിരെ ജനയുഗം നിരന്തരം മുഖപ്രസംഗം എഴുതുമ്പോള്‍ സിപിഐ മന്ത്രി ഇസ്രയേലിലേക്ക് പോകുന്നത് ഉചിതമാണോ എന്നതും പാര്‍ട്ടിയില്‍ തര്‍ക്കവിഷയമാണ്.