സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികളുമായി കേന്ദ്രബജറ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഇടിയുമ്പോള്‍ വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ വരുമാനം ഉറപ്പാക്കാനുള്ള പദ്ധതിക്കാണ് കേന്ദ്രം രൂപം നല്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ഉറപ്പാക്കി നിക്ഷേപിക്കാവുന്ന തുക ഇരട്ടിയാക്കി ഉയര്‍ത്തി. മഹിളാ സമ്മാന്‍ സേവിംഗ് പദ്ധതിയുടെ കീഴില്‍ രണ്ടു ലക്ഷം രൂപ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കാം. ഏഴര ശതമാനം പലിശ ഇതിന് ഉറപ്പാക്കും. ഭാഗികമായി തുക പലിശ നഷ്ടം ഇല്ലാതെ പിന്‍വലിക്കാനും അവസരം ഉണ്ടാകും.

അതേസമയം, നിക്ഷേപ കാലാവധി 2025 മാര്‍ച്ച് വരെയാകും. മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റോഫീസുകളിലും ബാങ്കുകളിലും കൂടുതല്‍ പലിശ കിട്ടുന്ന നിക്ഷേപത്തിന്റെ പരിധി ഇപ്പോള്‍ 15 ലക്ഷമാണ്. ഇത് മുപ്പത് ലക്ഷമാക്കി ഉയര്‍ത്തിയാണ് കൂടുതല്‍ വരുമാനത്തിനുള്ള വഴിയൊരുക്കുന്നത്. ഇതിന് പുറമെ പ്രതിമാസ വരുമാനത്തിനുള്ള നിക്ഷേപ പദ്ധതിയുടെ പരിധി 4.5 ലക്ഷത്തില്‍ നിന്ന് 9 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.

കാര്‍ഷിക സ്റ്റാര്‍ട്ടുപ്പകള്‍ക്കായി കാര്‍ഷിക ഉത്തേജക നിധി രൂപീകരിക്കും. മൃഗക്ഷേമം, ക്ഷീരവികസനം, ഫിഷറീസ് ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ചെറു ധാന്യ വികസനത്തിന് ശ്രീ അന്ന എന്ന പേരില്‍ പദ്ധതിയുണ്ടാകും. കാര്‍ഷിക വായപാ ലക്ഷ്യം ഇരുപത് ലക്ഷം കോടിയായി ഉയര്‍ത്തി. കുട്ടികള്‍ക്കായി ദേശീയ ഡിജിറ്റല്‍ ലൈബ്രറികള്‍ തുറക്കും. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ കൂടി തുടങ്ങും. 2047 ഓടെ അരിവാള്‍ രോഗം നിര്‍മാര്‍ജ്ജനം ചെയ്യുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.