ഏകീകൃത കുര്‍ബാന തര്‍ക്കം; മധ്യസ്ഥതയിലൂടെ പരിഹാരം കാണാന്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസ് അയച്ച് ഹൈക്കോടതി. ബസലിക്ക പള്ളിയിലടക്കം നിലനില്‍ക്കുന്ന സംഘര്‍ഷത്തില്‍ കോടതി ഇടപെടല്‍ തേടി സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടല്‍.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടുവെന്നും അതിനാല്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കക്ഷികളോട് തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയുടെ തിയതി തീരുമാനിക്കുക.

അതേസമയം, കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ പള്ളി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.