എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് അവതരണത്തിനു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍

‘എല്ലാ മേഖലയെയും ഒരുപോലെ പരിഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. വികസിത ഇന്ത്യയെ നിര്‍മിക്കാനുള്ള ശക്തമായ ഒരു ശിലപാകലാണിത്. പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വപ്നങ്ങള്‍ നിറവേറ്റുന്നതാണ് ബജറ്റ്. പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും ആദ്യമായി പ്രത്യേക പാക്കേജ് കൊണ്ടുവന്നു എന്നതും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ഇടത്തരക്കാരുടെ ശാക്തീകരണത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്താനും നിരവധി പദ്ധതികള്‍ ബജറ്റില്‍ കൊണ്ടുവന്നിട്ടുണ്ട്. നികുതി കുറയ്ക്കുകയും അതിനനുസരിച്ച് ഇളവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഗ്രാമ – നഗര പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള നിരവധി പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സ്വയംസഹായ സംഘങ്ങള്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. വീട്ടമ്മമാരെ ശാക്തീകരിക്കുന്നതിനായി പ്രത്യേക സമ്പാദ്യപദ്ധതി ആരംഭിക്കും. ഡിജിറ്റല്‍ പണമിടപാട് കാര്‍ഷിക രംഗത്തും കൊണ്ടുവരും. അതിനുള്ള പദ്ധതി ബജറ്റിലുണ്ട്.’