വ്യവസായങ്ങള്‍ തുടങ്ങുന്നതിലെ സങ്കീര്‍ണതകള്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം: മന്ത്രി പി. രാജീവ്‌

ആലപ്പുഴ: സംസ്ഥാനത്ത് സംരംഭം തുടങ്ങാന്‍ സമീപിക്കുന്നവരെ ഉദ്യോഗസ്ഥര്‍ വിശ്വാസത്തിലെടുക്കണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലപ്പുഴ നിക്ഷേപക സംഗമം പുന്നമടയിലെ ഹോട്ടല്‍ റമദയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പഞ്ചായത്തുകളും ബാങ്കുകളും വിചാരിച്ചാല്‍ വ്യവസായങ്ങള്‍ താനേ വന്നുചേരും. വ്യവസായങ്ങള്‍ തുടങ്ങുന്നതില്‍ സങ്കീര്‍ണതകള്‍ പരമാവധി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമാണ് കെ- സ്വിഫ്റ്റ് പോലുള്ള വേദികള്‍. 50 കോടി രൂപവരെയുള്ള വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട. കെ സ്വിഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. 50 കോടിക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ദിവസംകൊണ്ട് എല്ലാ വകുപ്പും ചേര്‍ന്നുള്ള കോംപോസിറ്റ് ലൈസന്‍സ് നല്‍കും. പരാതി കൊടുത്താല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് സംവിധാനവുമുണ്ട്. ഏതുവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാന്‍ അധികാരമുള്ള സമിതിയാണിത്. 2023കൂടി സംരംഭകവര്‍ഷമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്റേണുകള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാകും ടാര്‍ഗറ്റ് നിശ്ചയിക്കുക’- മന്ത്രി വ്യക്തമാക്കി.