ബി.ജെ.പി സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രപതിയിലൂടെ നടത്തുകയാണ്: ശശി തരൂര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ പ്രസംഗത്തിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി രംഗത്ത്.

‘തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി മത്സരിക്കില്ലെങ്കിലും ബി.ജെ.പി. സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം അവര്‍ വഴി നടത്തുകയാണ്. സര്‍ക്കാരിനെ സമ്പൂര്‍ണമായി പ്രകീര്‍ത്തിക്കുന്ന പ്രസംഗമായിരുന്നു രാഷ്ട്രപതി നടത്തിയത്’- തരൂര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, രാഷ്ട്രപതിയായ ശേഷം ദ്രൗപദി മുര്‍മു പാര്‍ലമെന്റില്‍ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ഇന്നത്തേത്. കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും, യു.പി.എ. സര്‍ക്കാരിനെ വിമര്‍ശിച്ചുമുള്ളതായിരുന്നു ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗം. തുടര്‍ച്ചയായി രണ്ടുതവണ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളോട് അവര്‍ നന്ദിയറിയിച്ചു. നോട്ട് നിരോധനം, മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ കൈക്കൊണ്ട സമീപനം എന്നിവയെയെല്ലാം ഉള്‍ക്കൊള്ളിച്ചായിരുന്നു പ്രസംഗം.