ഡൽഹി സർവകലാശാലയിലെ മുഗൾ ഗാർഡൻ എന്ന പേരിലുള്ള ഉദ്യാനത്തിനും പേരുമാറ്റം; ഉത്തരവ് പുറപ്പെടുവിച്ച് സർവകലാശാല അധികൃതർ

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ മുഗൾ ഗാർഡൻ എന്ന പേരിലുള്ള ഉദ്യാനത്തിന്റെ പേര് പുനർനാമകരണം ചെയ്തു. സർവകലാശാലയിലെ നോർത്ത് ക്യാമ്പസിലെ ഉദ്യാനത്തിന്റെ പേരാണ് മാറ്റിയത്. ഗൗതം ബുദ്ധ സെന്റിനറി ഗാർഡനെന്നാണ് ഉദ്യാനത്തിന്റെ പുതിയ പേര്. സർവകലാശാലയിലെ പൂന്തോട്ടത്തിന് മുഗൾ ശൈലിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റിയിരിക്കുന്നത്.

ശനിയാഴ്ച രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന്റെ പേര് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വകലാശാലയിലെ ഉദ്യാനത്തിന്റെ പേര് മാറ്റിയത്. അതേസമയം, രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻസ് അമൃത് ഉദ്യാനമായി മാറ്റിയതുമായി ബന്ധപ്പെട്ട് ഇതിന് ബന്ധമില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. ദീർഘനാളായി നടന്നുവരുന്ന ചർച്ചകൾക്കൊടുവിലാണ് ഗാർഡൻ കമ്മിറ്റി ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്നും അധികൃതർ വിശദമാക്കി.

വൈസ് റീഗൽ ലോഡ്ജിന് എതിർവശത്തുള്ള, മധ്യത്തിൽ ഗൗതമ ബുദ്ധന്റെ പ്രതിമയോടുകൂടിയ ഉദ്യാനത്തെ ഗൗതം ബുദ്ധ സെന്റിനറി ഗാർഡൻ എന്ന് പുനർനാമകരണം ചെയ്യുന്നതിന് ഡൽഹി സർവകലാശാലയുടെ കമ്മിറ്റി അംഗീകാരം നൽകിയതായി രജിസ്ട്രാർ വികാസ് ഗുപ്ത ജനുവരി 27-ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. സർവകലാശാലയിലെ പൂന്തോട്ടം മുഗൾ ഭരണാധികാരികൾ നിർമിച്ചതോ മുഗൾ ശൈലിയുമായി ബന്ധമുള്ളതോ അല്ലെന്ന് സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.