ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ അനുബന്ധ ഓഹരി വിൽപനയിൽ ഒരു മാറ്റവും വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ്. അനുബന്ധ ഓഹരി വിൽപന കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു ജനുവരി 31 വരെയാണ്.
20,000 കോടി രൂപ എഫ്പിഒയിലൂടെ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. നിക്ഷേപകരിൽ പൂർണ വിശ്വാസമുണ്ടെന്നും എഫ്പിഒ വിജയകരമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് അദാനി ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചത്. മർച്ചന്റ് ബാങ്കുകളാണ് കാലാവധി നീട്ടുന്നതും ഓഹരിവില കുറയ്ക്കുന്നതും പരിഗണിച്ചത്. ഹിൻഡൻബർ ആരോപണങ്ങളെ തുടർന്നുള്ള ആഘാതം കുറയ്ക്കാനായിരുന്നു ഇത്തരമൊരു നീക്കം നടത്തിയത്.
4.17 ലക്ഷം കോടി രൂപയാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 2 ദിവസത്തിനിടയിൽ ഉണ്ടായ നഷ്ടം. ഫോബ്സ് പട്ടികയിൽ ലോകത്തെ സമ്പന്നരിൽ മൂന്നാം സ്ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. ഏതു നടപടിയും നേരിടാൻ തയാറാണെന്ന് സ്ഥാപനം വ്യക്തമാക്കി. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് വിശദമായ രേഖകളുടെ പിൻബലത്തിലാണ്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്. അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

