ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; മതിയായ സുരക്ഷ വേണമെന്ന് ഖര്‍ഗെ

ശ്രീനഗര്‍: സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവെച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. പിഡിപി നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. യാത്ര കടന്നു പോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീര്‍ പൊലീസിന്റെ വിന്യാസം ഉണ്ട്.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയില്‍ വടംകൊണ്ട് വലയം സൃഷ്ടിക്കും. ഇതിനായി കൂടുതല്‍ െപാലീസിനെ നിയോഗിച്ചു. വടത്തിനുള്ളിലാകും സിആര്‍പിഎഫിന്റെ സുരക്ഷയുണ്ടാകുക. കൂടുതല്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലില്‍ നിന്നാരംഭിച്ച യാത്ര ജവാഹര്‍ തുരങ്കം കടന്നപ്പോള്‍ ജനക്കൂട്ടം രാഹുല്‍ ഗാന്ധിക്കടുത്തേക്ക് ഓടിയെത്തുകയായിരുന്നു. രാഹുലിനു ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീര്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കും സമാപന സമ്മേളനത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു.