കേരളത്തിലെ കോൺഗ്രസിന് സാഹസികത നിറഞ്ഞ ഏത് സംരംഭവും ഏറ്റെടുക്കാൻ കഴിയും; വി ഡി സതീശൻ

കൊച്ചി: കേരളത്തിലെ കോൺഗ്രസിന് സാഹസികത നിറഞ്ഞ ഏത് സംരംഭവും ഏറ്റെടുക്കാൻ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് സേവാദളിന്റെ സന്നദ്ധ സേന ‘വൈറ്റ് ആർമി’യുടെ റിപ്പബ്ലിക് ദിന പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന വലിയ മുന്നേറ്റമാണ് വൈറ്റ് ആർമിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവർത്തനവും പൊതുപ്രവർത്തനവും ഒന്നുചേർന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതുമാതൃകയാണിത്. സാധാരണക്കാരുടെ സങ്കടമകറ്റാനും കണ്ണീരൊപ്പാനും അവരുടെ ജീവിത നിലവാരം ഉയർത്താനുമുള്ള തീക്ഷണമായി യജ്ഞത്തിന്റെ പേരായി രാഷ്ട്രീയ പ്രവർത്തനത്തെ മാറ്റി എഴുതണം. കൊലപാതക രാഷ്ട്രീയത്തിന്റെ രക്തക്കറ പറ്റുന്ന ക്രിമിനൽ ആക്ടിവിറ്റി ആയിട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ബദലായി, മനുഷ്യ ജീവിതത്തിലേക്ക് ദുരിതങ്ങൾ പെയ്തിറങ്ങുന്ന ഓരോ സമയത്തും അവർക്ക് ഒരു കാവലായി കോൺഗ്രസ് പ്രവർത്തകർ കൂടെ ഉണ്ടാകണമെന്ന് വി ഡി സതീശൻ നിർദ്ദേശം നൽകി.

സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും പ്രസ്ഥാനമാക്കി കോൺഗ്രസിനെ മാറ്റണമെന്ന കോഴിക്കോട് ചേർന്ന ചിന്തൻ ശിബിരത്തിലെ തീരുമാനം അക്ഷരാർത്ഥത്തിൽ നടപ്പാക്കിയ പദ്ധതിയാണ് എറണാകുളം ഡിസിസി തുടക്കം കുറിച്ച വൈറ്റ് ആർമി എന്ന സന്നദ്ധ സേന. രാജ്യത്താകെ കോൺഗ്രസിന് തന്നെ ആത്മവിശ്വാസം നൽകുന്ന പുത്തൻ സംരംഭമായി ആളിപ്പടരും. സങ്കടങ്ങളിൽ ഓടിയെത്തുന്ന പ്രതിസന്ധികളിൽ മനുഷ്യരെ ചേർത്ത് നിർത്തുന്ന കോൺഗ്രസ്സിന്റെ ബ്രാൻഡ് അംബാസഡർമാരായി ഈ സന്നദ്ധ സേനയിലെ ഓരോ അംഗവും മാറണമെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തു.