മുംബൈ: അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. ഏതു നടപടിയും നേരിടാൻ തയാറാണെന്ന് സ്ഥാപനം വ്യക്തമാക്കി.
റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് വിശദമായ രേഖകളുടെ പിൻബലത്തിലാണ്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയത്. അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറ്റ് നിരവധി ആരോപണങ്ങളും ഈ റിപ്പോർട്ടിലുണ്ട്. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച് അദാനി ഗ്രൂപ്പ് നിയമ നടപടിയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഒറ്റ ദിവസം ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു.

