ഇടുക്കി: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഉടുമ്പഞ്ചോല എംഎൽഎയും മുൻ മന്ത്രിയുമായ എം എം മണി. പടയപ്പ എന്ന ആന പോകുമ്പോൾ ഹോണടിച്ച ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തതിലാണ് അദ്ദേഹം വനംവകുപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ആന പോകുമ്പോൾ താനും പിറകെ വണ്ടിയുമായി പോയിട്ടുണ്ടെന്നും അപ്പോൾ ആന കാട്ടിലേക്ക് കയറി പോകുകയാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എന്ത് സഹായം നൽകിയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആന പോകുമ്പോൾ താനും പിറകെ ജീപ്പുമായി പോയിട്ടുണ്ട്. അപ്പോൾ ഹോണടിക്കും. ആന കാട്ടിലേക്ക് കയറിപ്പോകും. അതിന് അവരുടെ പേരിൽ കേസെടുക്കുന്നു. ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ. എന്തെല്ലാം ചെയ്താലും കുഴപ്പക്കാരായ ആനകളെ പിടിച്ചു മാറ്റുകയല്ലാതെ വഴിയില്ലെന്നും എം എം മണി അഭിപ്രായപ്പെട്ടു.
അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഫോറസ്റ്റ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ആനകളുടെ സാന്നിധ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം നൽകുന്നതിനും സുരക്ഷാ നടപടികളുടെ ഭാഗമായും ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിൽ ഉൾപ്പെട്ട വാച്ചറാണ് ശക്തിവേൽ.

