റിപ്പബ്ലിക് ദിനാഘോഷം; ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി

ശ്രീനഗർ: ജമ്മുകശ്മീരിലെ ലാൽ ചൗക്കിൽ ത്രിവർണ പതാക ഉയർത്തി. 74-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണ് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തിയത്. ലാൽ ചൗക്കിലുള്ള ക്ലോക്ക് ടവറിലാണ് ദേശീയ പതാക ഉയർന്നത്. ഇത് രണ്ടാം തവണയാണ് ഇവിടെ ദേശീയ പതാക ഉയർത്തുന്നത്. 2022ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു ഇവിടെ ആദ്യമായി ദേശീയ പതാക ഉയർത്തിയത്.

വർഷങ്ങൾക്ക് ശേഷം റിപ്പബ്ലിക് ദിനത്തിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുകയും ചെയ്തു. 1990ന് ശേഷം ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ കടകൾ തുറക്കുന്നത്. ബാരാമുള്ളയിലെ പട്ടാൻ മേഖലയിൽ നിന്നും വിദ്യാർത്ഥികൾ ദേശീയ പതാകയേന്തി റിപ്പബ്ലിക് ദിന റാലി നടത്തുകയും ചെയ്തു.

കശ്മീർ സമാധാനത്തിലേക്ക് തിരിച്ചുവരികയാണെന്നും കേന്ദ്ര സർക്കാരിന്റെ പ്രയത്‌നങ്ങൾ ഫലം കാണുന്നുണ്ടെന്നുമാണ് ജനങ്ങൾ വ്യക്തമാക്കുന്നത്.