ന്യൂഡൽഹി: എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അനിൽ ആന്റണിക്കെതിരെ രംഗത്തെത്തിയത്.
അനിൽ ആന്റണിയെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് താരതമ്യം ചെയ്താണ് ജയറാം രമേശിന്റെ പ്രതികരണം. ഒരേ സംസ്ഥാനത്തെ ഒരു മുൻമുഖ്യമന്ത്രിയുടെ മകൻ നഗ്നപാദനായി രാജ്യത്തിന്റെ ഐക്യത്തിനായി നടക്കുമ്പോൾ മറ്റൊരു മുൻ മുഖ്യമന്ത്രിയുടെ മകൻ പാർട്ടിയോടും യാത്രയോടുമുള്ള ഉത്തരവാദിത്തം മറന്നു നിലപാടെടുക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എ കെ ആന്റണിയുടെ മകനായ അനിൽ കെ ആന്റണി ബിബിസിക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ടതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിലിന്റെ പരാമർശം. തുടർന്ന് കെ സുധാകരനും ശശി തരൂരും ഷാഫി പറമ്പിലും ഉൾപ്പെടെയുള്ളവർ ഈ പരാമർശത്തെ തള്ളി രംഗത്തെത്തി. ശക്തമായ പ്രതിഷേധവും വിമർശനവും നേടിയേണ്ടി വന്നതോടെ അനിൽ ആന്റണി പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെച്ചു.

