ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു. പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 91 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഇതിൽ നാലു പേർ മലയാളികളാണ്.
ഒമ്പത് പേർക്ക് പത്മഭൂഷണും ആറ് പേർക്ക് പത്മവിഭൂഷണും ലഭിച്ചു. ഒആർഎസ് ലായനി വികസിപ്പിച്ച ദിലീപ് മഹാലാനബിസിന് പത്മവിഭൂഷൺ ലഭിച്ചു. വിഖ്യാത തബല വിദ്വാൻ സക്കീർ ഹുസൈൻ, മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, മുൻ യു.പി. മുഖ്യമന്ത്രി മുലായം സിംഗ് യാദവ്, ആർക്കിടെക്ട് ബാൽകൃഷ്ണ ദോഷി, ശാസ്ത്രജ്ഞൻ ശ്രീനിവാസ് വരദൻ എന്നിവരാണ് പത്മവിഭൂഷൺ ലഭിച്ച മറ്റ് വ്യക്തികൾ.
നെല്ല് സംരക്ഷകൻ ചെറുവയൽ രാമൻ, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, സി.ഐ. ഐസക്, എസ്.ആർ.ഡി പ്രസാദ് തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മലയാളികൾ. ഗായിക വാണി ജയറാം, വ്യവസായി കെഎം ബിർള, സാമൂഹിക പ്രവർത്തക സുധ മൂർത്തി തുടങ്ങിയവർക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

