ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ സമ്മേളനം; ഇന്ത്യ പാകിസ്താന് ക്ഷണം നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ, വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് ഇന്ത്യ പാകിസ്താനെ ക്ഷണിച്ചതായി റിപ്പോർട്ട്. ഗോവയിൽ വച്ചാണ് സമ്മേളനം നടക്കാനിരിക്കുന്നത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ ക്ഷണം ബിലാവൽ ഭൂട്ടോയ്ക്ക് കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ത്യ അനുനയ ശ്രമങ്ങൾക്ക് മുൻകൈ എടുത്തത്.

ഇന്ത്യയുമായുള്ള മൂന്നു യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചെന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞത്. സമാധാനമാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അൽ അറബിയ ടെലിവിഷനുമായുള്ള അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം. മേഖലയിൽ സമാധാനം ഉണ്ടായാൽ മാത്രമേ ഇന്ത്യയും പാകിസ്താനും വളരാൻ കഴിയൂ. നമുക്ക് എൻജിനിയർമാരും ഡോക്ടർമാരും വിദഗ്ധ തൊഴിലാളികളുമുണ്ട്. ഇവരെയെല്ലാം ഉപയോഗിക്കാനാവണം, അതിന് സമാധാനമാണ് വേണ്ടത്. സമാധാനത്തോടെ കഴിഞ്ഞ് പുരോഗതിയുണ്ടാക്കണോ അതോ തമ്മിൽത്തല്ലി സമയം കളയണോ എന്നു നമ്മൾ തന്നെ തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

മെയ് ആദ്യവാരമാണ് സമ്മേളനം ആരംഭിച്ചിട്ടുള്ളത്. എട്ട് വർഷമായി ശിഥിലമായി തുടരുന്ന പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സമ്മേളനം സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.