കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണി; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഉള്ളവരെ ബിജെപിയിൽ എത്തിക്കുന്ന മാനസിക അവസ്ഥയിലുള്ള സുധാകരന്റെ പാർട്ടിയിൽപ്പെട്ടയാളാണ് അനിൽ ആന്റണിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിഷയത്തിൽ പ്രതികരണം എങ്ങനെ വേണമെന്നതിനെ കുറിച്ച് ഓരോരുത്തർക്കും ഒരു ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബി.ബി.സി ഡോക്യുമെന്ററി കാണണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം അറിയിച്ചു.

‘ഇന്ത്യ, ദി മോഡി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററിക്ക് സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കൂട്ടക്കൊലയിൽ മറ്റെന്തോ മറച്ചുവെക്കുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രം ഈ ഡോക്യുമെന്ററി തടയാൻ ശ്രമിക്കുന്നത്. യുവജന വിദ്യാർഥി സംഘടനകൾ രാജ്യത്താകെ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രദർശനത്തെ തടയാൻ സംഘപരിവാർ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുജറാത്ത് കൂട്ടക്കൊലയുടെ മായാത്ത ചോരക്കറകളെ ഓർമ്മപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി രാജ്യത്താകെ പ്രദർശിപ്പിക്കുകയും അതിനെ തടയാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.