കനത്ത മഴയും മണ്ണിടിച്ചിലും; ഭാരത് ജോഡോ യാത്ര നിർത്തി വച്ചു

കശ്മീർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തി വച്ചു. ജമ്മു കശ്മീരിൽ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചത്. റമ്പാൻ, ബനിഹാൾ മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്ര നിർത്തി വെച്ചത്. പ്രതികൂല സാഹചര്യത്തിൽ യാത്ര തുടരരുതെന്ന് ജമ്മു കശ്മീർ ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.

നാളത്തെ വിശ്രമത്തിന് ശേഷം മറ്റന്നാൾ ഭാരത് ജോഡോ യാത്ര തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മുവിൽ പ്രവേശിച്ചത്. ജനുവരി 30ന് ശ്രീനഗറിൽ യാത്ര സമാപിക്കും. കോൺഗ്രസിന്റെ ജമ്മു കാശ്മീർ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ ശ്രീനഗർ മൗലാന ആസാദ് റോഡിലെ ഓഫീസിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. പാർട്ടി ഓഫീസ് സെക്രട്ടറി മുഹമ്മദ് അൻവർ ഭട്ടിന്റെ നേതൃത്വത്തിലാണ് പതാകയുയർത്തൽ ചടങ്ങ് നടക്കുന്നത്.

കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നത്. ജമ്മുവിലെ ഇരട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ സുരക്ഷ കർശനമാക്കിയത്. ജമ്മു കാശ്മീർ പോലീസിന്റെ സുരക്ഷയ്ക്ക് പുറമെ സിആർപിഎഫിന്റെയും കേന്ദ്ര ഏജൻസികളുടെയും സുരക്ഷ അദ്ദേഹത്തിന് നൽകിയിരുന്നു.