എം ശിവശങ്കർ സർവ്വീസിൽ നിന്നും വിരമിക്കുന്നു; കേസുകളിൽ നിയമ പോരാട്ടം ശക്തമാക്കാൻ തീരുമാനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ് സർവ്വീസിൽ നിന്നും വിരമിക്കുന്നു. ഈ മാസം അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കും. 1995 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസിൽ പ്രതിയായി 98 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ നേരത്തെ ശിവശങ്കർ അപേക്ഷ നൽകിയിരുന്നു. എന്നാൽ, കോടതിയിൽ കേസുള്ളതിനാൽ ഇതിന് അനുമതി ലഭിച്ചില്ല.

2020 ഒക്ടോബർ 28നാണ് എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്തത്. സ്വർണക്കടത്തു സംഘത്തെ കള്ളപ്പണം വെളുപ്പിക്കാൻ സഹായിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. പിന്നീട് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കി. സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ദേഹം അടുത്തിടെയാണ് തിരികെ പ്രവേശിച്ചത്. പിന്നീട് ശിവശങ്കർ അവധിയിൽ പ്രവേശിച്ചിരുന്നു.

1963 ജനുവരി 24നാണ് ശിവശങ്കർ ജനിച്ചത്. 1978 ലെ എസ്എസ്എൽസി പരീക്ഷയിൽ അദ്ദേഹം രണ്ടാം റാങ്ക് നേടി. ബിടെക് ബിരുദം നേടിയശേഷം റിസർവ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ഡപ്യൂട്ടി കലക്ടറായി സംസ്ഥാന സർവീസിൽ സേവനം ആരംഭിച്ച അദ്ദേഹം 2000 ൽ ഐഎഎസ് കൺഫർ ചെയ്തു. 2016 ൽ മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി പദവിയിലെത്തി. 2019 ലാണ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായത്. ശിവശങ്കറിന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സർക്കാരിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ ഉണ്ടായത്. തനിക്കെതിരെയുള്ള കേസുകളിൽ നിയമ പോരാട്ടം ശക്തമാക്കാനാണ് ശിവശങ്കറിന്റെ തീരുമാനം.