ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു; വിമർശനവുമായി രഹ്ന ഫാത്തിമ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രഹ്ന ഫാത്തിമ. ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് രഹ്ന ഫാത്തിമ അറിയിച്ചു. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് രഹ്ന ഫാത്തിമ ഇക്കാര്യം വ്യക്തമാക്കിയത്.

ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കണമെന്ന ആവശ്യവും രഹ്ന ഉന്നയിച്ചു. താൻ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപെടുന്ന രീതിയിൽ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാർഥ ഹിന്ദുക്കൾക്കോ അവഹേളനം തോന്നില്ലെന്നും രഹ്ന വ്യക്തമാക്കി. രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് രഹ്ന സത്യവാങ്മൂലം സമർപ്പിച്ചത്.

മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകൾ. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമർത്താനും സർക്കാർ ശ്രമിക്കുന്നു. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതിനാലാണ് കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വിലക്ക് നേരിടുന്നതും. ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ സമാനമായ രീതിയിൽ നടപടി എടുക്കണമെന്നും രഹ്ന ഫാത്തിമ സത്യവാങ്മൂലത്തിൽ പറയുന്നു.